Thursday, March 19, 2015

Monday, March 9, 2015

നന്മചെയ്യുക കാപട്യം ഒഴിവാക്കുക : പാപ്പായുടെ വചനസമീക്ഷ


Courtesy:Radio Vatican

നന്മചെയ്യുന്നവരുടെ പാപങ്ങള്‍ ദൈവം ഉദാരമായി ക്ഷമിക്കുന്നു. കപട്യം കാണിക്കുന്നവരോട് അവിടുന്നു ക്ഷമിക്കുന്നില്ല. കാപട്യം നന്മയുടെ നാട്യം മാത്രമാണ്. മാര്‍ച്ച് 3-ാം തിയതി ചൊവ്വാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ വചനചിന്തകള്‍ പങ്കുവച്ചത്.

വിശുദ്ധാത്മാക്കള്‍ ചെയ്യുന്ന നന്മയുടെ പതിന്മടങ്ങ് തിന്മയാണ് കടപഭക്തര്‍ ചെയ്തുകൂട്ടുന്നത്. ദൈവതിരുമുന്‍പില്‍ ന്യായീകരിക്കപ്പെടുന്നത് ആരായിരിക്കുമെന്ന് തുടര്‍ന്നുള്ള ചിന്തയില്‍ പാപ്പാ വ്യക്തമാക്കി. നന്മചെയ്യുവാനും തിന്മയില്‍നിന്നകന്നു ജീവിക്കുവാനുമുള്ള ദൈവികാഹ്വാനത്തിന്‍റെ തനിയാവര്‍ത്തനമാണ് ഏശയായുടെ പ്രവാചക ശബ്ദത്തില്‍ മുഴങ്ങുന്നത്. തിന്മ ഒഴിവാക്കുക, നന്മ ചെയ്യുക. അനാഥരെയും വിധവകളെയും സംരക്ഷിക്കുക. പരിത്യക്തരായ പാവങ്ങളെയും, ഏകാന്തത അനുഭവിക്കുന്ന വയോജനങ്ങളെയും സഹായിക്കുക. അവരെ സംരക്ഷിക്കുക. വിദ്യാഭ്യാസ സൗകര്യമില്ലാത്ത പാവങ്ങളായ കുട്ടികളെയും വേദപാഠം കേള്‍ക്കാത്ത കുഞ്ഞുങ്ങളെയും പഠിപ്പിക്കുക. നാം ശ്രവിക്കുന്ന പ്രവാചക പ്രബോധനങ്ങള്‍ക്കും നന്മചെയ്യുവാനുള്ള ആഹ്വാനത്തിനും പിന്നില്‍ മാനസാന്തരത്തിനുള്ള വിളിയാണ്, ക്ഷണമാണ്. മാനസാന്തരത്തിന്‍റെ പാത വ്യത്യസ്തവും ക്ലേശകരവുമാണ്. അഴുക്കുവസ്ത്രം അലക്കി വെളുപ്പിക്കാം. അതുപോലെ മാനസാന്തരം നന്മയുടെ മാര്‍ഗ്ഗമാണ്, അത് നന്മ പ്രവര്‍ത്തിക്കുന്നതുമാണ്. ഓര്‍ക്കുന്നുണ്ടാകാം, ഇസ്രായേലിലെ പാവങ്ങള്‍ അനാഥരും വിധവകളുമായിരുന്നു. അവരോട് നീതി കാണിക്കുക. അനാഥരെ സംരക്ഷിക്കുക. വിധവയ്ക്ക് നീതി നടപ്പാക്കിക്കൊടുക്കുക. മനുഷ്യ യാതനയുടെയും പീഡനങ്ങളുടെയും ഇടങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുക. അങ്ങനെ നന്മ ചെയ്തുകൊണ്ടാണ് നമ്മുടെ ഹൃദയം നിര്‍മ്മലമാക്കേണ്ടത്, നാം മാനസാന്തരപ്പെടേണ്ടതെന്ന്, ഏശയായുടെ വചനങ്ങള്‍ ഓര്‍പ്പിച്ചുകൊണ്ടും പാപ്പാ സമര്‍ത്ഥിച്ചു.

നമ്മുടെ പാപങ്ങളുടെ കണക്കു പറയാതെയും, അതിരുകളില്ലാതെ നമ്മെ സ്നേഹിച്ചും, നമുക്കു മാപ്പു നല്കിയും ഹൃദയനൈര്‍മ്മല്യം വളര്‍ത്തുവാന്‍ കരുത്തുള്ളവന്‍ ദൈവമാണ്. ദൈവം അളവില്ലാത്ത സ്നേഹത്തിന്‍റെയും ക്ഷമയുടെയും സ്രോതസ്സാണ്. ജീവിതത്തില്‍ ഇങ്ങനെ നന്മയുടെ പാത തിരഞ്ഞെടുത്താല്‍ നമ്മുടെ പാപങ്ങള്‍ രക്താംബരംപോലെ ചുവന്നിരുന്നാലും എത്ര കഠിനമായിരുന്നാലും അവിടുന്ന് അവ കഴുകി മഞ്ഞുപോലെ വെണ്മയുള്ളതാക്കി തീര്‍ക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഇത് അവിടുത്തെ അതിശയോക്തി കലര്‍ന്ന പ്രസ്താവമാണെങ്കിലും, അത് സത്യമാണ്, യാഥാര്‍ത്ഥ്യവുമാണ്. ക്ഷമയുടെയും മാനസാന്തരത്തിന്‍റെയും കൃപ നല്കുന്നത് കര്‍ത്താവാണ്. മനുഷ്യര്‍ കാണിക്കുന്ന ക്ഷമയ്ക്ക് പരിമിതികളുണ്ട്. എന്നാല്‍ കര്‍ത്താവ് ഉദാരമായി നമ്മോടു ക്ഷമിക്കുന്നു. അവിടുന്ന് സകലതും പൊറുക്കുന്നു. ക്ഷമ ദൈവിക ഭാവവും സ്വഭാവവുമാണ്. ക്ഷമ നമുക്ക് ലഭിക്കണമെങ്കില്‍ നന്മചെയ്യണം, നമ്മുടെ സഹോദരങ്ങളോട് ക്ഷമിക്കണം. ക്ഷമ ദൈവിക ദാനമാണ്! അത് ഭൂമിയില്‍ സമാധാന മാര്‍ഗ്ഗമാണ്!

കാപട്യക്കാരായ ഫരിസേയരെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം പ്രതിപാദിക്കുന്നത്. അവര്‍ നല്ല കാര്യങ്ങള്‍ പറയുകയും, എന്നാല്‍ മോശമായി പെരുമാറുകയും ചെയ്യുന്നു. മിടുക്കു കാണിക്കുകയും, നീതി നടിക്കുകയും തിന്മ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതാണ് കാപട്യം. ഇതാണ് ഫരിസേയ മനോഭാവം. ഫരിസേയര്‍ അനുതാപം നടിക്കുന്നു. എന്നാല്‍ അവരുടെ ഹൃദയത്തില്‍ കാപട്യമാണ്, അസത്യമാണ്. അതിനാല്‍ അവരുടെ ജീവിതത്തില്‍ ദൈവമില്ല, എന്നാല്‍ സകല കാപട്യങ്ങളുടെയും ഉറവിടമായ സാത്താനുണ്ടവിടെ! ക്രിസ്തു നൂറുവട്ടം പാപികളെ സനേഹിക്കുകയും, കപടഭക്തരെ വെറുക്കുകയും ചെയ്തുവെന്നും സുവിശേഷകന്‍ പ്രസ്താവിക്കുന്നു (മത്തായി 23, 1-12). കാരണം പാപികള്‍, പാപബോധമുള്ളവര്‍ സത്യമായും അവരുടെ കുറവുകള്‍ ഏറ്റുപറയുകയും അംഗീകരിക്കുകയും ചെയ്യുന്നു. പത്രോശ്ലീഹായുടെ വാക്കുകള്‍ ഇവിടെ അനുസ്മരണീയമാണ്. കര്‍ത്താവേ, ഞാന്‍ പാപിയാണ്. അങ്ങ് എന്നില്‍നിന്നും അകന്നു പോകണമേ. അങ്ങനെ ബലഹീനരായവര്‍ അല്ലെങ്കില്‍ പാപികള്‍ തങ്ങളെക്കുറിച്ചു പറയുന്നത്, അവര്‍ ഏറ്റു പറയുന്നത് സത്യമാണ്.

തപസ്സിലെ രണ്ടാം വാരത്തില്‍ ഉപയുക്തമാകുന്ന മൂന്നു ചെറിയ ചിന്താ ശകലങ്ങള്‍കൂടി ധ്യാന വിഷയമായി നല്കിക്കൊണ്ടാണ് പാപ്പാ വചനസമീക്ഷ ഉപസംഹരിച്ചത്: ആദ്യത്തേത്, മാനസാന്തരത്തിനുള്ള ക്ഷണമാണ്. രണ്ടാമത്തേത്, കര്‍ത്താവിന്‍റെ ദാനമാകുന്ന മനഃസ്താപം, മൂന്നാമത്തേത്, അനുതാപം നടിക്കുന്ന കാപട്യത്തിന്‍റെ കെണിയും. 

Blog Archive